Kerala State Human Rights Commission

Kerala State Human Rights Commission The objective of Kerala State Human Rights Commission is to protect the rights and make aware

22/07/2026

KERALA STATE HUMAN RIGHTS COMMISSION
e-mail : [email protected], Phone No. 0471-2307490.

പട്ടയമില്ലാത്തതിനാൽ വീടിന്റെ അറ്റകുറ്റപണികൾ നടത്താനാവുന്നില്ല: പരാതി പരിഹരിക്കണം : മനുഷ്യവകാശ കമ്മീഷൻ.

പത്തനംതിട്ട : പട്ടയം ഇല്ലാത്തതിനാൽ ഇടിഞ്ഞു വീഴാറായ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നില്ലെന്ന പരാതിയിൽ വീടിരിക്കുന്ന സ്ഥലമെങ്കിലും പതിച്ചു നൽകാതിരിക്കുന്നത് നീതിയുക്തമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഭാവിയിൽ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം പോയിട്ട് അവശേഷിക്കുന്ന വീടിരിക്കുന്ന ഭാഗം പതിച്ചുനൽകാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ (പത്തനംതിട്ട ഡിവിഷൻ) നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സ്വന്തം ചെലവിൽ വീടിന്റെ അറ്റകുറ്റപണികൾ നടത്താൻ പരാതിക്കാരൻ പന്തളം മുൻസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
പന്തളം കുറമ്പാല സാത്ത് സ്വദേശി ശിവരാമന്റെ പരാതിയിലാണ് നടപടി. പട്ടികജാതി വിഭാഗത്തിലുള്ള പരാതിക്കാരൻ താമസിക്കുന്ന വീടിന് 50 വർഷത്തിനുമേൽ പഴക്കമുണ്ടെന്നും വസ്തുവിന് പട്ടയം ലഭിക്കാത്തതിനാൽ വീട് പുതുക്കി പണിയാനാവുന്നില്ലെന്നും പരാതിയിൽ പറയുന്നു.
റോഡ് വികസനത്തിനുള്ള സ്ഥലത്തിന്റെ ബാക്കി പരാതിക്കാരന് പതിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പിന്റെ നിരാക്ഷേപ പത്രം വേണമെന്നും ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും അടൂർ തഹസിൽദാർ കമ്മീഷനെ അറിയിച്ചു.

Kerala State Human Rights Commission

20 / 07 / 20 26

22/07/2026

അങ്ങാടിപ്പുറം ഓരാടം പാലം മാനത്ത് മംഗലം ബൈപാസ് നിർമ്മാണം ഉടൻ ആരംഭിക്കണം : മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : അങ്ങാടിപ്പുറം ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരം കാണാൻ ഓരാടം പാലം – മാനത്തു മംഗലം ബൈപാസ് പദ്ധതി കാലതാമസം കൂടാതെ യാഥാർത്ഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ഇതിനാവശ്യമായ ഭരണപരവും സാങ്കേതികവുമായ തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പൊതുതാൽപര്യത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നത്തിനും ബൈപാസ് അനിവാര്യമാണ്. വിവിധ സർക്കാർ വകുപ്പുകൾക്കിടയിലെ ഏകോപനക്കുറവും ഭരണാനുമതികളിലെ കാലതാമസവും പദ്ധതി അനിയന്ത്രിതമായി നീണ്ടുപോകാൻ കാരണമായിട്ടുണ്ട്. ഇത് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും അടിയന്തര ചികിത്സ ഉൾപ്പെടയുള്ള അടിസ്ഥാന സേവനങ്ങളും സമയബന്ധിതമായി ലഭിക്കാനുള്ള അവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്മീഷൻ വിലയിരുത്തി.

പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് എഞ്ചിനീയറും റെയിൽവെ ഉൾപ്പെടെയുള്ള വകുപ്പുകളുമായി ഏകോപനം നടത്തി ബാക്കിയുള്ള ഭരണാനുമതികളും സാങ്കേതിക അംഗീകാരങ്ങളും കരസ്ഥമാക്കി സ്ഥലം ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി നേടിയെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസകത്തിനകം കമ്മീഷനെ അറിയിക്കണം.

പൊതുപ്രവർത്തകനായ ആരിഫ് ചൂണ്ടയിൽ സമർപ്പിച്ച പരായിലാണ് നടപടി.
Kerala State Human Rights Commission
Byjunath Kakkadath



20/07/2026.

22/07/2026

വിരമിക്കൽ ആനുകൂല്യം 3 മാസത്തിനകം നൽകണം: മനുഷ്യവകാശ കമ്മീഷൻ

കോട്ടയം : മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആന്റ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 38 വർഷം ജീവനക്കാരനായിരുന്ന രാമപുരം സ്വദേശിക്ക് നൽകാനുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ മൂന്നു തുല്യ ഗഡുക്കളായി 2026 ഡിസംബർ 31 നകം പൂർണ്ണമായും കൊടുത്തു തീർക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ്.

2015 മുതൽ സംഘം സാമ്പത്തികമായി ക്ഷയിച്ചെന്നും ഫാടക്ടറികളും അനുബന്ധ സ്ഥാപനങ്ങളും പൂട്ടിപോയെന്നും റിപ്പോർട്ടിൽ പറഞ്ഞു. സംഘം സാമ്പത്തികാഭിവൃദ്ധി പ്രാപിക്കുകയാണെങ്കിൽ കുടിശിക കൊടുത്തുതീർക്കുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

എന്നാൽ ആനുകൂല്യങ്ങൾ നൽകാനുള്ള സമയപരിധിയുടെ കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനിശ്ചിതമായി വൈകിക്കുന്നത് അദ്ദേഹത്തിന് മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞു. രാമപുരം ബസാർ സ്വദേശി മാനുവൽ മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
Kerala State Human Rights Commission
Byjunath Kakkadath

20/07/2026.

22/07/2026

ശബ്ദമലിനീകരണം അവസാനിപ്പിക്കാൻ കെ.എസ്.ഇ.ബി ഉടപെടണം : മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : കംപ്രസർ കാരണമുള്ള ശബ്ദമലിനീകരണം അവസാനിപ്പിക്കാൻ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സംഭവസ്ഥലം സന്ദർശിച്ച് പരാതിക്ക് അതിവേഗം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.

കംപ്രസർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ശബ്ദമലിനീകരണം സംബന്ധിച്ച കേസ് തൃശൂർ സെഷൻസ് കോടതിയിൽ വിചാരണയിലാണെന്നും ജില്ലാ പോലീസ് മേധാവി റിപ്പോർട്ടിൽ പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ കംപ്രസറിന്റെ ശബ്ദം ജനവാസ സേഖലയിലെ ശബ്ദപരിധിയിൽ നിന്നും കൂടുതലല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു.

കംപ്രസർ കാരണമുള്ള ശബ്ദം ഒഴിവാക്കാൻ താൻ പുതിയ മോട്ടോർ വാങ്ങി കൊടുക്കാൻ തയ്യാറാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. എന്നാൽ എതിർകക്ഷി ഇതിന് തയ്യാറായില്ല. പുതിയ മോട്ടോർ സ്ഥാപിച്ചാൽ കെ.എസ്.ഇ.ബി യിൽ നിന്നും തനിക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് എതിർകക്ഷി അറിയിച്ചു. എന്നാൽ പുതിയ മോട്ടോർ സ്ഥാപിക്കുകയാണെങ്കിൽ കാലതാമസം കൂടാതെ കണക്ഷൻ നൽകാമെന്ന് സിറ്റിംഗിൽ ഹാജരായിരുന്ന കെ.എസ്.ഇ.ബി എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. തുടർന്നാണ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറോട് സ്ഥലം സന്ദർശിച്ച് പരാതി പരിഹരിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
Kerala State Human Rights Commission

20/07/2026.

22/07/2026

മെഡിക്കൽ കോളേജ് പരിസരത്ത് ബസ് ടെർമിനൽ സ്ഥാപിക്കുന്ന നടപടി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദ്ദേശം

കോഴിക്കോട് : മെഡിക്കൽ കോളേജ് പരിസരത്ത് ബസ് ടെർമിനൽ സ്ഥാപിക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സ്ഥിരം ബസ് ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതുവരെ മെഡിക്കൽ കോളേജിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾക്ക് താത്ക്കാലിമായി പാർക്ക് ചെയ്യാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഇപ്രകാരം റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ ഇടക്കാല സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മീഷൻ കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പോലീസുമായും മറ്റ് വകുപ്പുകളുമായും കോർപ്പറേഷൻ സെക്രട്ടറി ഏകോപനം ഉറപ്പാക്കണം.

ബസ് ടെർമിനൽ പദ്ധതിയുടെ നിലവിലെ പുരോഗതി, താത്ക്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി കൈക്കൊണ്ട നടപടികൾ, പദ്ധതി പൂർത്തിയാക്കുന്നതിനുള്ള സമയക്രമം എന്നിവ ഉൾപ്പെടുത്തി ഒരു മാസത്തിനുള്ളിൽ കോർപ്പറേഷൻ സെക്രട്ടറി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ബസ് ടെർമിനലും അനുബന്ധ പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷന്റെ ഭാഗത്ത് ഗുരുതരമായ ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. സർവീസ് നടത്തുന്ന ബസുകൾക്ക് നിയമാനുസൃതം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാതെ അവ റോഡരികിൽ നിർത്തുന്നത് കുറ്റപ്പെടുത്താനാവില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ ദോഷഫലങ്ങൾ ബസ് ഉടമകൾക്കും ജീവനക്കാർക്കും മാത്രമല്ല രോഗികൾക്കും വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും അനുഭവിക്കേണ്ടി വരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ്-മാവൂർ റോഡിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അനധികൃത പാർക്കിംഗിനെതിരെ ഈസ്റ്റ് ദേവഗിരി സൗഹൃദം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ ബാഹുലേയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിലവിലുള്ള ഗതാഗതകുരുക്കിനും റോഡരികിലെ ബസ് പാർക്കിംഗിനും അടിസ്ഥാന കാരണം ബസ് ടെർമിനൽ സൗകര്യം ഇല്ലാത്തതാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ബസ് ടെർമിനൽ നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും തുടർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും വർഷാവർഷമുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും ഉത്തരവിൽ പറഞ്ഞു.
Kerala State Human Rights Commission
Byjunath Kakkadath

21/07/2026.

22/07/2026

അൺ എയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : അൺ എയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട ഉപജീവനബത്ത, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവ നൽകാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

അൺ എയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ നിർവ്വചിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

കമുകിൻകോട് ഹയർസെക്കന്ററി സ്കൂളിലെ മലയാളം അദ്ധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. 2023 ജൂലൈ 13 ന് ഒരു വ്യാജപരാതിയുടെ അടിസ്ഥാനത്തിനൽ തന്നെ സസ്പെന്റ് ചെയ്തെന്നും 2024 ഏപ്രിൽ 24 ന് സർവീസിൽ നിന്നും പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നു. സസ്പെൻഷൻ കാലത്ത് ലഭിക്കേണ്ട ഉപജീവനബത്ത ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭിച്ചില്ലെന്നും പരാതിക്കാരി അറിയിച്ചു.

പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്റ്റ് പ്രകാരം അവകാശപ്പെട്ട തുക ലഭിച്ചില്ലെന്ന പരാതി ജില്ലാ ലേബർ ഓഫീസർക്ക് നൽകണമെന്ന് കമ്മീഷൻ പരാതിക്കാരിക്ക് നിർദ്ദേശം നൽകി. ഗ്രാറ്റുവിറ്റി നൽകിയതായി ഡി.എൽ.ഒ ഉറപ്പാക്കണം. ഒരു മാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ ഗ്രാറ്റുവിറ്റി കൺട്രോളിംഗ് അതോറിറ്റിക്ക് പരാതി നൽകണം. സെൻട്രൽ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്റ്റ് പ്രകാരമുള്ള തുക പരാതിക്കാരിക്ക് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

പരാതിക്കാരി ജോലി ചെയ്തിരുന്നത് അൺഎയ്ഡഡ് സ്കൂ ളിലാണെന്ന കാരണത്താൽ അവർ സസ്പെൻഷനിലായിരുന്ന കാലയളവിൽ ലഭിക്കേണ്ടിയിരുന്ന ഉപജീവനബത്ത നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. സസ്പെൻഷനിലായ കാലം മുതൽ ജോലിയിൽ നിന്നും നീക്കം ചെയ്ത കാലം വരെ ഉപജീവനബത്ത ലഭിക്കാൻ നിയമപരമായ അർഹതയുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി.

പരാതിക്കാരി പ്രൊവിഡന്റ് ഫണ്ട് തുകയ്ക്ക് അർഹയാണെന്ന് തെളിഞ്ഞാൽ സ്കൂൾ മാനേജ്മെന്റിൽ നിന്നും തുക ലഭ്യമാക്കാൻ പിഎഫ് കമ്മീഷണർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
Kerala State Human Rights Commission


21/07/2026.

22/07/2026

വയോധികയുടെ പ്രമാണം തിരികെ നൽകിയില്ല : ഉദ്യോഗസ്ഥരെ മനുഷ്യാവകാശ കമ്മീഷൻ
വിളിച്ചുവരുത്തും

തൃശ്ശൂർ : 75 വയസുള്ള വയോധിക പുനരധിവാസ ഭവന പദ്ധതി പ്രകാരം തലപ്പിള്ളി താലൂക്ക് ഓഫീസിൽ ഈടായി നൽകിയ പ്രമാണം തിരികെ നൽകിയില്ലെന്ന പരാതിയിൽ ചൊവ്വന്നൂർ വില്ലേജ് ഓഫീസർ, തലപ്പിള്ളി തഹസിൽദാർ, ഭവനനിർമ്മാണ ബോർഡ് സെക്രട്ടറി എന്നിവർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഓഗസ്റ്റിൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ പരാതിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ പറഞ്ഞു.

പരാതിക്കാരി സമർപ്പിച്ച 933/1988 നമ്പർ പണയാധാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് തലപ്പിള്ളി തഹസിൽദാറും ചൊവ്വന്നൂർ വില്ലേജ് ഓഫീസറും അറിയിച്ചത്. 20 വർഷമായി താൻ ഓഫീസിൽ കയറിയിറങ്ങുകയാണെന്നും പരാതിക്കാരിയായ ചൊവ്വന്നൂർ സ്വദേശിനി തങ്കമണിബേബി പരാതിയിൽ പറഞ്ഞു. പരാതിക്കാരിയുടെ പ്രായം കണക്കിലെടുത്ത് സിറ്റിംഗിൽ ഹാജരാകേണ്ടതില്ലെന്നും ഉത്തരവിൽ പറഞ്ഞു.

21/07/2026.

Byjunath Kakkadath
22/07/2026

Byjunath Kakkadath

16/07/2026

ജനവാസമേഖലയിലെ വ്യവസായസ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതായി ഉറപ്പാക്കണം : മനുഷ്യവകാശ കമ്മീഷൻ

കോഴിക്കോട് : ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ ശബ്ദമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും മാലിന്യ സംസ്ക്കരണ വ്യവസ്ഥകളും സുരക്ഷാ നിബന്ധനകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഫർണിച്ചർ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരായ പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

പരാതിക്കിടയാക്കിയ സ്ഥാപനത്തിന് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി മാത്രം പ്രവർത്തനാനുമതി നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. അനുമതി നൽകിയശേഷം സ്ഥാപനത്തിൽ തുടർച്ചയായ പരിശോധനകളും ഫലപ്രദമായ നിരീക്ഷണവും നടത്തണം. പരിശോധനകളിൽ നിയമലംഘനങ്ങളോ പരിസ്ഥിതി ജനാരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയാൽ കർശനവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർക്കുമാണ് നിർദ്ദേശം നൽകിയത്.

നിയമപരമായ നിയന്ത്രണങ്ങൾക്കും പൊതുതാൽപര്യത്തിനും വിധേയമായി വ്യവസായവും സംരംഭങ്ങളും നടത്താനുള്ള അവകാശം ഒരു പൗരന് നിഷേധിക്കാനാവില്ലെങ്കിലും അത്തരം അവകാശങ്ങൾ പരിമിതികളില്ലാത്തതോ അനിയന്ത്രിതമോ അല്ലെന്നും ഉത്തരവിൽ പറഞ്ഞു. ഒരു വ്യക്തിയുടെ വ്യാപാര സ്വാതന്ത്ര്യം മറ്റൊരാളുടെ ആരോഗ്യകരവും സ്വസ്ഥവുമായ ജീവിതാവകാശത്തെ ഹനിക്കുന്ന രീതിയിൽ വിനിയോഗിക്കാൻ അനുവദിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു. എലത്തൂർ സ്വദേശി പ്രേംജിത്തും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
Kerala State Human Rights Commission
Byjunath Kakkadath

16/07/2026.

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Kerala State Human Rights Commission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala State Human Rights Commission:

Shortcuts

Share

Category