05/08/2026
നിറഞ്ഞു കവിഞ്ഞ പ്രളയജലം , വീഴാറായ വീടിൻറെ മൺകട്ടക്കുള്ളിൽ കൂടെ പുറത്തേക്കിറങ്ങി പോയപ്പോൾ ഈ പാവം മനുഷ്യൻ തന്റെ ആകെയുള്ള സമ്പാദ്യമായ ഒരു കുമ്പിൾ അരിയുടെ നനവ് പരിശോധിക്കുകയാണ് .
ഇന്നത്തെ മലയാള മനോരമ പത്രത്തിലെ കണ്ണുകളെ നനയിച്ച ഒരു ചിത്രമാണിത്..
നമ്മുടെ സിസ്റ്റത്തിന്റെ കണ്ണ് തുറപ്പിക്കാത്ത ചിത്രവും
പണ്ട് നൂറ്റാണ്ടിലോ , അർത്ഥ നൂറ്റാണ്ടിൽ ഒക്കെ വന്നിരുന്ന വെള്ളപ്പൊക്കം എന്ന പ്രളയം ഇന്ന് ഓണവും ക്രിസ്മസും പോലെ എല്ലാവർഷവും നമ്മെ കാണുവാൻ വരുന്നുണ്ട്.
വരിക മാത്രമല്ല പാവപ്പെട്ട മനുഷ്യൻ ഉണ്ടാക്കിയ സമ്പാദ്യവും വീടും വാഹനവും എല്ലാം ചൂഴ്ന്നെടുത്തു കൊണ്ട് പോകാറുണ്ട്.
വെള്ളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിനു പോകാൻ വഴി വേണ്ടേ ?
പതിവുപോലെ തൻറെ മുൻ സർക്കാരുകളെ പോലെ തന്നെ പുതിയ സർക്കാരും വാഗ്ദാനങ്ങൾ വാരിക്കോരി എറിയും.
കഴിഞ്ഞ സർക്കാർ നിർമ്മിച്ച 300 കോടിയുടെ എസി റോഡ് ഇപ്പോൾ മഴയും വെള്ളവും വരുമ്പോൾ ആകാശത്തേക്ക് ഉയർന്നു കൊടുക്കുന്നുണ്ട്. അതുകൊണ്ട് വെള്ളം ഒട്ടും റോഡിൽ കയറുന്നില്ല. ഊരാളുങ്കൽ ഊരിയത് എത്രയാണെന്ന്, അതിൽ നിന്നും ആരൊക്കെയാണ് ഊരിയത് എന്നൊക്കെ കാലം തെളിയിക്കട്ടെ ,!! പതിവുപോലെ സെന്റിമെന്റ്സ് നാടകങ്ങളും നന്മ മരങ്ങളും പ്രളയത്തിൽ ഇറങ്ങി കറങ്ങുന്നുണ്ട് , നന്മ ചെയ്യാൻ അവർക്ക് കിട്ടുന്ന ഒരു അവസരവും അവർ കളയില്ല..
പക്ഷേ ഇത് ഇങ്ങനെ തുടർന്നാൽ മതിയോ ?
എല്ലാ വർഷങ്ങളിലും ഉള്ളതെല്ലാം പറക്കി ഏതെങ്കിലും ഒരു സ്കൂളിൻറെ മുകളിൽ പോയി കിടക്കേണ്ടവരാണ് ഈ പാവം വോട്ടർമാർ ?
നദിയിലെ മണല് , നദിയുടെ ആഴം , ഇതൊക്കെ പാറപ്പൊടി കച്ചവടക്കാർക്ക് ആവശ്യമില്ലാത്ത പരിപാടിയാണ്..
പണ്ടൊക്കെ പുഴയുടെ തീരത്ത് ഒരു വീട് സ്വപ്നമായിരുന്നു , ഇന്ന് പുഴയുടെ അടുത്തുള്ള വീട് ആധി യാണ് , മഴപെയ്തു വെള്ളം വന്നാൽ ജലജല ജലജ അല്ല പ്രളയമാണ്, നോവാണ്, മരണമാണ്.
ഈ പാവം മനുഷ്യൻ നോക്കുക ഒരുപക്ഷേ സർക്കാർ റേഷൻ നൽകിയ ഈ അരി മണി പോലും അയാൾക്ക് പ്രിയപ്പെട്ടതാണ് ഇയാളുടെ സമ്പാദ്യം അത് തന്നെയായിരിക്കാം , തൻറെ കുടുംബത്തിന് ഒരു നേരമെങ്കിലും കഞ്ഞി കുടിക്കാൻ കിട്ടിയ അരി പോലും നനഞ്ഞു പോയതിൽ അയാൾ നന്നായി വേദനിക്കുന്നുണ്ടാകും.. അല്ലെങ്കിലും അയാൾക്ക് സൂക്ഷിച്ചു വെക്കാൻ സ്വർണമോ പണവും ഉണ്ടാകില്ലല്ലോ.. ഇടിഞ്ഞുവീഴാറായ ആ വീട്ടിൽ ഇരിക്കുമ്പോഴും മനസ് നോവുന്നത് അന്നത്തെ അത്താഴത്തിന്റെ കഞ്ഞിക്കുള്ള വഴി നനഞ്ഞു പോയല്ലോ എന്ന് ഓർത്താവാം...
സാധ്യമായ എല്ലാ സുരക്ഷിത മാർഗ്ഗങ്ങളിലും ഇരിക്കുന്നവർക്ക് , ഈ സാധാരണ മനുഷ്യരുടെ വിഷമം അറിയണമെന്നില്ല, സങ്കടം അറിയണമെന്നില്ല, തണുപ്പ് അറിയണമെന്നില്ല, അസ്വാതന്ത്ര്യം അറിയണമെന്നില്ല,
ഇത് എഴുതിയതുകൊണ്ട് ഇന്നത്തേക്ക് ഞാൻ, ആൻറി കോൺഗ്രസ് ആകും, ചില വാക്കുകൾ വായിച്ചാൽ ആന്റി കമ്മ്യൂണിസ്റ്റ് ആകും, ആൻറി സംഘി ആകും...
ആരായാലും കുഴപ്പമില്ല!!
സഹപ്രവർത്തകരായ കുറെയേറെ കൂട്ടുകാർ വിളിച്ചിരുന്നു ഒരു ചെറിയ ഭാണ്ഡക്കെട്ടിൽ കിട്ടിയതെല്ലാം എടുത്തുകൊണ്ട്, ഏതോ ഒരു സ്കൂളിൻറെ വരാന്തയിൽ കിടക്കുന്ന കഥ ചിരിയോടെ പറഞ്ഞപ്പോൾ അത് ചിരിയല്ല തേങ്ങി കരച്ചിൽ ആണെന്ന് തിരിച്ചറിയാനുള്ള മനസ്സ് എനിക്ക് ഉണ്ടാകണമല്ലോ... പ്രിയ നന്മ
മരങ്ങളെ പ്രിയ സിസ്റ്റമേ ....
ഈ വേദനയൊന്നും കാണൂ... കണ്ണു തുറക്കു...
എല്ലാ വർഷങ്ങളിലും പ്രള യത്തെ പ്രണയിക്കാൻ ഈ സാധാരണക്കാർക്കാവില്ല, അവർ തളർന്നു തുടങ്ങുന്നു, ആ തളർച്ച മരണത്തിലേക്ക് ആകുന്നതിനുമുമ്പ്, രക്ഷിക്കൂ
Adv Joy John Antony